പുതിയ സർക്കാർ വന്നതോടെ നവകേരളം മിഷനുകൾക്ക് തളർവാതം; രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള എന്നിവയ്‌ക്കെല്ലാം പുതിയ സർക്കാർ വന്നതോടെ തളർവാതം പിടിപെട്ടിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. മിഷനുകളുടെ മുൻ കോർഡിനേറ്റർ ആണ് ചെറിയാൻ ഫിലിപ്പ്. പുതിയ സർക്കാർ ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താക്കളായ നാലര ലക്ഷത്തിലധികം കുടുബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ആർക്കും ആദ്യ ഗഡു പോലും ലഭിച്ചിട്ടില്ല. ലൈഫ് പദ്ധതിക്ക് സർക്കാർ ഗ്രാന്റോ ഹഡ്‌കോ ലോണോ ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഒരു ലക്ഷത്തോളം വീടുകളുടെയും ഫ്‌ലാറ്റുകളുടെയും നിർമ്മാണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. ആർദ്രം മിഷൻ പ്രകാരം പുതിയ സർക്കാർ ഒരു കുടുംബാരോഗ്യ കേന്ദ്രം പോലും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇരുനൂറോളം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആയിരം തസ്തികകളിൽ പകുതി പോലും നിയമിച്ചിട്ടില്ല. മിക്കയിടത്തും കെട്ടിടം പണിയും പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതു വിദ്യാഭ്യാസ യജ്ഞപ്രകാരം ആയിരം വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന പ്രഖ്യാപനം ഒരിടത്തും നിറവേറ്റപ്പെട്ടിട്ടില്ല. കിഫ്ബി ധനസഹായത്തോടെയുള്ള മുന്നൂറോളം സ്‌ക്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പലയിടത്തും അവതാളത്തിലായി. ചിലയിടത്ത് പണിത കെട്ടിടങ്ങൾ നിലംപൊത്തി. സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാഭ്യാസം എന്ന ലക്ഷ്യവും പാളി. പൊതു വിദ്യാഭ്യാസ യജ്ഞത്തിന് പകരമായി വന്ന വിദ്യാകിരൺ പദ്ധതി ഇതുവരെയും തുടങ്ങിയിട്ടില്ല. ഹരിത കേരള മിഷൻ പ്രകാരമുള്ള ഉറവിട മാലിന്യ സംസ്‌ക്കരണം ഫലപ്രദമായി നടപ്പാക്കാക്കുന്നതിൽ ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൂർണ്ണമായും പരാജയപ്പെട്ടു. മിക്കയിടത്തും മാലിന്യങ്ങൾ പൊതുവഴികളികളിലേക്കും തോടുകളിലേക്കും വലിച്ചെറിയപ്പെടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

പ്ലാസ്റ്റിക്ക് നിരോധനം ഉപേക്ഷിച്ച മട്ടാണ്. ഒരു നഗരത്തിലും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങിയിട്ടില്ല. പ്രളയകാലത്ത് റീബിൽഡ് കേരളയുടെ പേരിൽ കോടിക്കണക്കിന് രൂപ സമാഹരിച്ചെങ്കിലും ആ തുക സർക്കാർ വക മാറ്റി ചെലവാക്കുകയാണ് ചെയ്തത്. മിഷനുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് മിഷൻ ചെയർമാനായ മുഖ്യമന്തിയോ വൈസ് ചെയർമാന്മാരായ വകുപ്പുമന്ത്രിമാരോ പഴയതു പോലെ വേണ്ടത്ര ശുഷ്‌കാന്തി കാട്ടുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.