ബോംബ് ഭീഷണി; മോസ്‌കോ-ഗോവ വിമാനം വഴിതിരിച്ചുവിട്ടു

പനാജി: മോസ്‌കോയിൽ നിന്ന് ഗോവയിലേയ്ക്ക് വരികയായിരുന്ന ചാർട്ടേഡ് വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് നടപടി. ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ പുലർച്ചെ 4.15ന് ഇറങ്ങേണ്ട വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

അസൂർ എയർ നടത്തുന്ന AZV2463 എന്ന വിമാനമാണ് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് വഴിതിരിച്ച് വിട്ടത്. വിമാനം ഉസ്ബക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടതായി പോലീസ് വ്യക്തമാക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും പോലീസ് അറിയിച്ചു. പുലർച്ചെ 12.30നാണ് വിമാനത്തിൽ ബോംബ് വച്ചതായുള്ള വിവരം ദബോലിം എയർപോർട്ട് ഡയറക്ടർക്ക് ലഭിച്ചത്. മെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്.

ഉടൻ തന്നെ വിമാനത്തിലുള്ളവർക്ക് സന്ദേശം നൽകുകയും വഴിതിരിച്ചുവിടുകയുമായിരുന്നു. നേരത്തെയും റഷ്യൻ വിമാനത്തിന് സമാന രീതിയിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. രണ്ടാഴ്ച്ചയ്ക്ക് മുൻപായിരുന്നു സംഭവം. തുടർന്ന് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വന്ന വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്.