2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; പ്രവീണ്‍ നെട്ടാരു കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: രാജ്യത്ത് 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഇസ്ലാമിക ഭരണം കൊണ്ടുവരാനായി സര്‍വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സര്‍വീസ് ടീം രൂപീകരിച്ചത്. കൊലപാതകമുള്‍പ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ട് കില്ലര്‍ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പോപ്പുലര്‍ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവര്‍ത്തിച്ചിരുന്നത്. സമൂഹത്തില്‍ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഐഎ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. മുഹമ്മദ് ഷിയാബ്, അബ്ദുല്ല ബഷീര്‍, റിയാസ്, മുസ്തഫ പായിച്ചാര്‍, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കര്‍ സിദ്ദിഖ്, എം.നൗഫല്‍, ഇസ്മായില്‍ ഷാഫി, കെ.മഹമ്മദ് ഇഖ്ബാല്‍, എം.ഷഹീദ്, ജി.മഹമ്മദ് ഷഫീഖ്, ഉമ്മര്‍ ഫാറൂഖ്, അബ്ദുല്‍ കബീര്‍, മുഹമ്മദ് ഇബ്രാഹിം ഷാ, വൈ.സൈനുല്‍ ആബിദ്, ഷെഖ് സദ്ദാം ഹുസൈന്‍, സാക്കിയാര്‍, എന്‍.അബ്ദുല്‍ ഹാരിസ്, എം.എച്ച്.തുഫൈല്‍ എന്നിവരാണ് എന്നിവരാണ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍. ഇതില്‍ മുസ്തഫ പായിച്ചാര്‍, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കര്‍ സിദ്ദിഖ്, ഉമ്മര്‍ ഫാറൂഖ്, എം.എച്ച്.തുഫൈല്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.