തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെന്ഷന് പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെന്ഷന് പ്രായം കൂട്ടാന്‍ നിര്‍ദ്ദേശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആക്കാന്‍ മൂന്ന് മാസം മുമ്ബ് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിര്‍പ്പില്‍ ഒഴിവാക്കുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആര്.ടി.സി, ജല അതോറിറ്റി ജീവനക്കാരുടെ പെന്ഷന് പ്രായം പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.
ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെന്ഷന് പ്രായം കൂട്ടുന്നതിനുള്ള അനുകൂല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിന് പ്രോത്സാഹനമായിട്ടുണ്ട്. വിഷയത്തില്‍ ഇടതുമുന്നണിയില്‍ കാര്യമായ എതിര്‍പ്പില്ല. എന്നാല്‍, യുവജനങ്ങളുടെ ഇടയില്‍ പ്രതിഷേധമുണ്ടാവാന്‍ ഇടയുണ്ട്.
സംസ്ഥാനത്ത് 134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 114 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ചിലതില്‍ പെന്ഷന് പ്രായം 60 ആണ്. ചിലതില്‍ 58. ചില സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് 60 വയസും മറ്റ് ജീവനക്കാര്‍ക്ക് 58 വയസുമാണ്. ഇതെല്ലാം ഏകീകരിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 60 ആക്കാനാണ് നിര്‍ദ്ദേശം. ഇതിലൂടെ 4000 കോടി രൂപ അടുത്ത സാമ്ബത്തിക വര്‍ഷം ലാഭിക്കാം. വരുന്ന ബഡ്ജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

