തിരുവനന്തപുരം: ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടാൻ ആരംഭിച്ച് സർക്കാർ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. ഇന്ന് അഞ്ചുമണിക്ക് മുൻപായി പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ലാന്റ് റവന്യു കമ്മിഷണർ ജില്ലാ കളക്ടർമാർക്ക് കത്തയക്കുകയും ചെയ്തിരുന്നു.
തൃശൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്ത് അഞ്ച് നേതാക്കളുടെ വീടുകളാണ് ജപ്തി ചെയ്തത്. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും ജപ്തി ചെയ്തു. വയനാട് ജില്ലയിൽ പിഎഫ്ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടും, വസ്തുക്കളും കണ്ടു കെട്ടി. വയനാട്ടിൽ 14 ഇടങ്ങളിലാണ് നടപടി സ്വീകരിച്ചത്. റവന്യൂ അധികൃതർ എത്തിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. കാസർഗോഡും പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടി.
കാഞ്ഞങ്ങാട് ചീമേനി വില്ലേജ്, കാക്കടവിൽ നങ്ങാറത്ത് സിറാജുദീൻ, തെക്കേ തൃക്കരിപ്പൂർ സിടി സുലൈമാൻ, കാസർകോട് അബ്ദുൽ സലാം, ഉമ്മർ ഫാറൂഖ് ആലമ്പാടി തുടങ്ങിയവരുടെ സ്വത്തുക്കൾക്കെതിരെ നടപടി സ്വീകരിച്ചു. തൃശൂർ കുന്നംകുളത്ത് അഞ്ച് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. തിരുവനന്തപുരത്ത് അഞ്ച് പിഎഫ്ഐ നേതാക്കളുടെ വീടുകൾ ജപ്തി ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

