ഐ.എസ്.ആര്‍.ഒ ചാരക്കേസ്: ആര്‍.ബി ശ്രീകുമാറിനും സിബി മാത്യൂസിനും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രതികളായ ആര്‍.ബി ശ്രീകുമാര്‍, സിബി മാത്യൂസ് എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഈ മാസം 27-ന് പ്രതികള്‍ എല്ലാവരും സി.ബി.ഐയ്ക്ക് മുമ്പില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം.

ചോദ്യംചെയ്യലിന് ശേഷം ഇവരെ അറസ്റ്റ് ചെയ്താല്‍ അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു. ‘കേസിന് പിന്നില്‍ വിദേശ ഗുഢാലോചനയുണ്ട്. പ്രതികളെ എല്ലാവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. നമ്പി നാരായണനെ കുടുക്കാനുള്ള നീക്കമായിരുന്നു നടന്നത്. അത് എന്താണെന്ന് കണ്ടെത്തണം. അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യല്‍ അനിവാര്യമാണെന്ന’ നിലപാടാണ് സിബിഐ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍, ഈ വാദം കോടതി തള്ളുകയായിരുന്നു.