ന്യൂഡൽഹി: പോലീസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ പൊതു രേഖ അല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. അതിനാൽ അവ ഓൺലൈനിൽ അപ്ലോഡ് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.
കുറ്റപത്രങ്ങൾ പരസ്യപ്പെടുത്തുന്നത് ക്രിമിനൽ നടപടി ചട്ടത്തിന്റെ ലംഘനമാണ്. കുറ്റപത്രം പരസ്യപ്പെടുത്തുന്നത് പ്രതിയുടേയും ഇരയുടെയും അവകാശത്തെ ഹനിക്കും. തെളിവ് നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതു രേഖ അല്ല കുറ്റപത്രമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

