കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ന്യൂഡൽഹി: കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ് കെ വി തോമസ്. നേരത്തെ എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് കെ വി തോമസിന് നൽകുന്നത്.

സമ്പത്തിനെ കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ചപ്പോൾ ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും ഉൾപ്പെടെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരുമായുള്ള കേരള സർക്കാരിന്റെ ലെയ്സൺ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവർത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി നൽകിയതെന്നായിരുന്നു മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നത്.

പുതിയ നിയമനം സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തു വന്നിട്ടില്ല. ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.