കേരള മോഡല്‍ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യ നവോത്ഥാനം പാകിയ അടിത്തറയില്‍ നിന്ന്: വി. മുരളീധരന്‍

കേരളത്തിന് സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കരുത്തുറ്റ പൊതുജനാരോഗ്യപാരമ്പര്യമുണ്ടായിരുന്നെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവര്‍ത്തകസമിതി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.

‘ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടവരായിരുന്നു. കേരള മോഡല്‍ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയില്‍ നിന്നാണ്. ഭാരതത്തിന്റെ ജി20 പ്രമേയം സാര്‍വത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യപൂര്‍ണമായ നാളേക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു ലോകത്തെ ഒരു കുടുംബമായി കാണണമെന്ന് ഭാരതം ലോകത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ഭാവിയില്‍ ഏത് ആരോഗ്യ അടിയന്തരാവസ്ഥയും നേരിടാന്‍ മനുഷ്യരാശി ഒരുമിച്ച് തയാറെടുക്കണം. ആയുര്‍വേദം ഉത്ഭവിക്കുകയും അതിന്റെ ശുദ്ധമായ രൂപത്തില്‍ വ്യാപകമായി പ്രയോഗിക്കുകയും ചെയ്ത നാട്ടിലാണ് യോഗമെന്നതും അഭിമാനകരമാണ്’- മന്ത്രി ചൂണ്ടിക്കാട്ടി.