തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യാജമായി ഹെൽത്ത് കാർഡ് ഉണ്ടാക്കി നൽകിയാൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ, റെസ്റ്റൊറന്റുകൾ തുടങ്ങിയ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഓരോരുത്തർക്കും ഹെൽത്ത് കാർഡ് വേണമെന്ന് നിർബന്ധമാക്കിയിയിട്ടുണ്ട്. തൊഴിൽ വകുപ്പുമായി ചേർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ താമസിക്കുന്ന ഇടങ്ങൾ പരിശോധിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജോലിക്കാർ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, സാഹചര്യങ്ങൾ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകമായി ട്രെയിനിങ് നൽകുമെന്നും മന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു.
അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ് എന്നാണ് ലഭിച്ച റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകൾ കൂടി നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. കമ്മിഷണർ അതിനനുസരിച്ചിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

