നേതാക്കളും പാർട്ടി പ്രവർത്തകരും സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം; നിർദ്ദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപി നേതാക്കളും പാർട്ടി പ്രവർത്തകരും സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അത്തരം കാര്യങ്ങളിൽ നിന്ന് എല്ലാവരും അകന്നുനിൽക്കണമെന്നും സിനിമകളേക്കുറിച്ചും വ്യക്തികളേക്കുറിച്ചുമുള്ള ചർച്ചകൾ പാർട്ടിയുടെ കഠിനാധ്വാനത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം പഠാനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പ്രവർത്തകർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

രാജ്യ ഭരണത്തിനും പാർട്ടി പ്രവർത്തനത്തിനും നമ്മൾ കഠിനാധ്വാനം ചെയ്യുമ്പോൾ മാധ്യമങ്ങളിലും വാർത്തകളിലും നിറയുന്നത് സിനിമയ്ക്ക് എതിരായ ചിലരുടെ പരാമർശങ്ങളാണ്. ഇത് ശരിയായ പ്രവണതയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പൂർണമായും പ്രവർത്തനങ്ങളിലേക്ക് നീങ്ങണമെന്ന് അദ്ദേഹം പ്രവർത്തകരോടും നേതാക്കളോടും നിർദ്ദേശിച്ചു. രാജ്യത്തിന്റെ ഏറ്റവും മികച്ച ദിനങ്ങൾ ആണ് വരാനിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യേണ്ടത്. വിവിധ ഭാഷകൾ സംസാരിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസാരിക്കുന്നവരെ ഒരുമിക്കാൻ കാശി തമിഴ് സംഗമം പോലുള്ള പരിപാടികൾ എല്ലായിടത്തും നടത്തണം. എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നൽകാൻ സാധിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.