പരീക്ഷയെഴുതുന്ന മെഷീനുകളല്ല; മറ്റ് മേഖലകളിലെ കഴിവ് വികസിപ്പിക്കാന്‍ കുട്ടികള്‍ക്ക്‌ അവസരം നല്‍കുന്നില്ലെന്നും തരൂര്‍

കോട്ടയം: സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിലെ വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോട്ടയം പ്രസ് ക്ലബില്‍ ഋഷിരാജ് സിംഗിന്റെ പുതിയ പുസ്തകത്തെ അപഗ്രഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരൂരിന്റെ വാക്കുകള്‍

‘കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്ന് കേസ് മൂന്ന് മടങ്ങായി വര്‍ധിച്ചു. കുട്ടികള്‍ എന്തുകൊണ്ട് ലഹരിയിലേക്ക് പോകുന്നുവെന്ന് പരിശോധിക്കണം. കുട്ടികള്‍ക്ക് കൊടുക്കുന്ന അമിത സമ്മര്‍ദമാണ് ഇതിന് പ്രധാന കാരണമായി ഋഷിരാജ് സിംഗ് പറയുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ എല്ലാ കാര്യത്തിലും മത്സരമാണ് നടക്കുന്നത്. എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ കഴിവുണ്ടാകണമെന്നില്ല. മറ്റുള്ള കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുന്നില്ല. പഠനം മാത്രം ലക്ഷ്യമാക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ നല്ല മനുഷ്യരായി വളരുകയാണ് വേണ്ടത്. ഇന്ത്യയിലാകെ മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. പരീക്ഷയ്ക്ക് പഠിക്കണമെന്ന് മാത്രമല്ല, 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വേണമെന്ന നിര്‍ബന്ധം കൂടി കുട്ടികള്‍ക്ക് മുന്നില്‍ വെക്കുകയാണ്. അയല്‍വാസിയുടെ മകനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വേണം, അങ്ങനെയുള്ള സമ്മര്‍ദ്ദം എല്ലാ കുട്ടികള്‍ക്കും ഉണ്ട്. കുട്ടികള്‍ക്ക് ഈ ടെന്‍ഷന്‍ കാരണം ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ ഇതാണ് സ്ഥിതി. രാജസ്ഥാനിലെ കോട്ടയില്‍ കുട്ടികളുടെ ആത്മഹത്യ കൂടിവരികയാണ്. അവിടെ 2015 ല്‍ അഞ്ച് പേര്‍ ആത്മഹത്യ ചെയ്തു. 2022 ല്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയായി. ഇങ്ങനെ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുത്. എല്ലാ കുട്ടികള്‍ക്കും പരീക്ഷയില്‍ പാസാവാനുള്ള കഴിവുണ്ടാവില്ല. അക്കാര്യം തിരിച്ചറിയണം. മറ്റ് മേഖലകളിലെ കുട്ടികളുടെ കഴിവ് വികസിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കുന്നില്ല. പരീക്ഷയെഴുതുന്ന മെഷീനുകളല്ല കുട്ടികള്‍. അവരെ നല്ല മനുഷ്യരാക്കണം. ആ കാര്യം മറക്കുന്നത് ദുഖകരമാണ്.’