തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെ അഭിനന്ദിച്ച് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കേരളത്തിന്റെ സൃഷ്ടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ ആസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തരായനം, പത്രോസ് മുതൽ ഫ്രാൻസിസ് വരെ എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങാണ് നടന്നത്.
തരൂരിനെ പുസ്തക പ്രകാശന ചടങ്ങിന് കിട്ടിയത് ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത നിരാസമല്ല മതേതരത്വമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് ശശി തരൂർ നന്ദി അറിയിച്ചു.

