‘അമൃത്’ രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ അമൃത് രണ്ടാംഘട്ട പദ്ധതിക്ക് (2,500 കോടി രൂപ) കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. 93 നഗരങ്ങളിലായി ജലസ്രോതസ്സുകളുടെ നവീകരണം, പാര്‍ക്ക് നിര്‍മാണം, സ്വാശ്രയഗ്രൂപ്പുകളുടെ ഉത്പാദനപദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുന്നൂറോളം പദ്ധതികള്‍ൃളാണ് നടപ്പാക്കുക.

തിരുവനന്തപുരം-അഞ്ച്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, ആലപ്പുഴ-ആറ്, കോട്ടയം-ആറ്, ഇടുക്കി-രണ്ട്, എറണാകുളം-14, തൃശ്ശൂര്‍-എട്ട്, പാലക്കാട്-ഏഴ്, മലപ്പുറം-12, കോഴിക്കോട്-എട്ട്, വയനാട്-മൂന്ന്, കണ്ണൂര്‍-10, കാസര്‍കോട്-മൂന്ന് എന്നിങ്ങനെയാണ് ജില്ലതിരിച്ച് പദ്ധതി അനുമതി നേടിയ നഗരങ്ങളുടെ എണ്ണം. 3,600 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ സമര്‍പ്പിക്കുന്നത്. ഇതില്‍ ആദ്യഘട്ടമായി 1,900 കോടി രൂപയുടെയും രണ്ടാംഘട്ടത്തില്‍ 600 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

അതേസമയം, ഒന്നാംഘട്ടത്തില്‍ ജലവിതരണം, വീടുകളില്‍ കുടിവെള്ളമെത്തിക്കല്‍, മലിനജലസംസ്‌കരണം, ഓട, പാര്‍ക്ക്, നടപ്പാത, മേല്‍പ്പാലം, കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണു ലക്ഷ്യമിട്ടത്. ഇതില്‍ കക്കൂസ്മാലിന്യ പദ്ധതികളൊഴികെ മിക്ക പദ്ധതികളും നടപ്പാക്കി. രണ്ടാംഘട്ടത്തില്‍ ജലസ്രോതസ്സുകളുടെ നവീകരണത്തിനു പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. തോടുകള്‍, പുഴകള്‍, കായലുകള്‍, കുളങ്ങള്‍ എന്നിവയുടെയെല്ലാം നവീകരണത്തിനും ശുചീകരണത്തിനും തുക വിനിയോഗിക്കാം. ഭൂരിഭാഗം നഗരസഭകളും ഇതിനായി പദ്ധതി തയ്യാറാക്കി നല്‍കി. ഇതിനുപുറമേ പാര്‍ക്കു നിര്‍മാണം, സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് ന്യൂട്രിമിക്‌സ് നിര്‍മാണംപോലുള്ള പദ്ധതികള്‍ എന്നിവയ്ക്കും സഹായധനം ലഭിക്കും.