ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി തന്നെയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം ബിജെപിയ്ക്ക് തിരിച്ചടി ആയേക്കാമെന്നും, രാജ്യത്തെ പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് കഴിവുണ്ടെന്ന സാമ്ബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷാ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയം ഒരു സന്ദേശമാണെന്നും 2024-ല്‍ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി എത്തുമെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായോടൊപ്പം കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തെക്കുറിച്ച് സൂചന നല്‍കി. പ്രധാനമന്ത്രി പദത്തില്‍ തത്ക്കാലം ഒഴിവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി തന്നെ വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തീരുമാനം എന്നതിന് കൂടുതല്‍ വ്യക്തത വരുത്തുന്നതായിരുന്നു അമിത് ഷാ അടക്കമുള്ള പ്രധാന നേതാക്കളുടെ അഭിപ്രായം.

