കണ്ണൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ നടക്കുന്ന വിവാദങ്ങൾ തള്ളി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ സമയമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇപ്പോൾ ഉയർത്തിയാലും ഒരു നേതാവും ഉയരുന്ന സ്ഥിതിയല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രമാണ് ആ ചർച്ചകൾക്ക് പ്രസക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിനെ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത് മാധ്യമങ്ങൾ മാത്രമാണ്. രമേശ് ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്ന് അറിയില്ല. ശശി തരൂർ തണുപ്പിനെ പ്രതിരോധിക്കുന്ന കോട്ട് ഇടുന്നതായി അറിയാം. സമാന്തര പ്രവർത്തനം ആണ് ശശി തരൂർ നടത്തുന്നതെന്ന അഭിപ്രായം തനിക്കില്ലെന്നും എം എം ഹസൻ വിശദീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആരെങ്കിലും കോട്ട് തയ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അത് ഊരിവെച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്ന രമേശ് ചെന്നിത്തലയുടെ പരാമർശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. സംഭവം വിവാദമായതോടെ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി നിർദ്ദേശം നൽകി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

