കഴക്കൂട്ടം കോവളം ബൈപാസിൽ പണിപൂർത്തിയാകും മുൻപേ ടോൾ പിരിവ്; പ്രത്യേക സംഘം പരിശോധന നടത്തി

കോവളം: കഴക്കൂട്ടം കോവളം ബൈപാസിൽ പണിപൂർത്തിയാകും മുൻപേ ടോൾ പിരിവ് എന്ന പരാതി സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ ബി.എച്ച്. മൻസൂർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഇത് രണ്ടാം തവണയാണ് കമ്മീഷൻ സ്ഥലം സന്ദർശിക്കുന്നത്.

കഴക്കൂട്ടം മേൽപാലത്തിന്റെ ഭാഗത്തു നിന്നു ബൈപാസിന്റെ രണ്ടാം ഘട്ടത്തിന്റെ മുക്കോല പയറുമൂടു വരെ യാത്ര ചെയ്താണ് കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. പാതയുടെ അശാസ്ത്രീയ നിർമ്മാണവും തലതിരിഞ്ഞ ഗതാഗത പരിഷ്‌കാരവും അപകട സംഭവങ്ങളുമെല്ലാം പരിസരവാസികൾ കമ്മീഷനെ അറിയിച്ചു.

സർവീസ് റോഡ് കയ്യേറിയാണ് ടോൾ പിരിവ് കേന്ദ്രം നിർമ്മിക്കുന്നതെന്നും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കോവളം ജംഗ്ഷനിലെ ഗതാഗതപ്രശ്‌നങ്ങളെ കുറിച്ച് പോലീസും വിശദീകരിച്ച് നൽകി. അതേസമയം, പാത അമ്പലത്തറ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽപെട്ടു മറിഞ്ഞു കിടക്കുന്ന സൈക്കിളും ഹെൽമറ്റും നാട്ടുകാർ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. തിരുവല്ലം ജംഗ്ഷനിലെ നിരന്തര അപകടങ്ങളും മരണവും സംബന്ധിച്ച വിവരങ്ങൾ ഓട്ടോ ഡ്രൈവർമാരും കമ്മീഷനോട് പങ്കുവെച്ചു.