തിരുവനന്തപുരം: മുന്‍ കാലങ്ങളിലെല്ലാം നിറഞ്ഞ ഗ്യാലറുകളുടെ ആവേശത്തിന് മുന്നിലാണ് ടീം ഇന്ത്യ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. എന്നാല്‍, ഇത്തവണ ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലാണ് രോഹിതും സംഘവും ശ്രീലങ്കയെ നേരിടുന്നത്.
കാര്യവട്ടം ഏകദിനത്തിന് 2000, 1000, വിദ്യാര്‍ഥികള്‍ക്ക് 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. ഇതു കൂടാതെ 30 ശതമാനം നികുതിയും ഈടാക്കുന്നുണ്ട്. 18 ശതമാനം ജി.എസ്.ടിക്കുപുറമെ കോര്‍പറേഷന്‍ വിനോദനികുതി 12 ശതമാനമാക്കിയതാണ് വിവാദമായത്. മറ്റിടങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് വിനോദ നികുതി. ചിലയിടങ്ങളില്‍ വിനോദനികുതി പൂര്‍ണമായി ഒഴിവാക്കി നല്‍കിയിട്ടുമുണ്ട്. ഏറ്റവും കുറഞ്ഞ 1000 രൂപയുടെ ടിക്കറ്റെടുക്കുന്നവര്‍ 1445 രൂപ നല്‍കണം. അതായത് 445 രൂപ നികുതിയായി നല്‍കണം. 2000 രൂപയുടെ ടിക്കറ്റിന് നികുതി ഉള്‍പ്പടെ 2860 രൂപയാകും. ടിക്കറ്റ് നിരക്കുവര്‍ദ്ധനവാണ് ഒട്ടനവധി ആരാധകരെ നേരിട്ട് കളി കാണുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
അതേസമയം, പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെക്കുറിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കഴിഞ്ഞ തവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികള്‍ക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നാണ് വിവാദത്തില്‍ കായികമന്ത്രി വിശദീകരിച്ചത്. കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20യില്‍ നികുതി ഉള്‍പ്പെടെ 1500ഉം 2750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ നികുതി വര്‍ദ്ധനകൊണ്ട് കാണികള്‍ക്ക് അധിക ഭാരമില്ലെന്നും കായികമന്ത്രി പറഞ്ഞു.

