നേപ്പാളിൽ വിമാനാപകടം; പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു

ന്യൂഡൽഹി: നേപ്പാളിൽ വിമാനാപകടം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. പറന്നുയരാൻ ശ്രമിക്കവെയാണ് വിമാനം തകർന്നു വീണതെന്നാണ് ആദ്യം പുറത്തു വന്ന വിവരം. എന്നാൽ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയിൽ റൺവേക്ക് മുൻപിൽ തകർന്നു വീണുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റർ അകലെയായി നിർമ്മിച്ച പുതിയ ആഭ്യന്തര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. പ്രവർത്തനം ആരംഭിച്ച് 15-ാം ദിവസമാണ് അപകടം ഉണ്ടായത്.

യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് പുറത്തു വരുന്ന വിവരം. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം അറിയിച്ചു. നാല് ഇന്ത്യാക്കാർ അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.