ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായവുമായി എഐസിസി നേതൃത്വം. എന്നാല്‍, ജനം തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും, ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ അറിയിച്ചു. സംസ്ഥാന നേതാക്കളുടെ വിമര്‍ശനത്തോട് തിരിച്ചടിച്ച തരൂര്‍ മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്നും, തുടര്‍ന്നും കേരളത്തില്‍ പരിപാടികളില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
അതേസമയം, തരൂരിനെതിരെ കടുത്ത നിലപാടിലേക്ക് കടന്നാല്‍ ജനവികാരം എതിരാകുമെന്നാണ് എഐസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് ഒരു വിശദീകരണം പോലും തരൂരിനോട് തേടാന്‍ മടിക്കുന്നതും. ജനവികാരത്തെയും, ലീഗ് അടക്കമുള്ള ഘടകകക്ഷികളേയും, സമുദായ നേതൃത്വങ്ങളെയും ഭയന്ന് രേഖാമൂലം പരാതി നല്കാന് സംസ്ഥാന നേതാക്കളും മുന്നോട്ട് വരില്ല. എന്നാല്‍, വാക്കാല്‍ പലരും പറഞ്ഞ പരാതിയിലെ വികാരം തരൂരിനെ അറിയിക്കാനാണ് എഐസിസിയുടെ ആലോചന.
ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. എന്നാല്‍, ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരൂരിനെ പരിഗണിക്കുന്നതില്‍ എഐസിസിയില്‍ ഏകാഭിപ്രായമില്ല.

