ജോഷിമഠുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിന് ഐ.എസ്.ആര്‍.ഒക്ക് വിലക്കുമായി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും ഐ.എസ്.ആര്‍.ഒക്ക് വിലക്കുമായി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി. വിവരങ്ങളില്‍ സ്ഥാപനങ്ങള്‍ സ്വയം നടത്തുന്ന വ്യാഖ്യാനങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തരാഖണ്ഡിലെ ജോഷിമഠ് 12 ദിവസത്തിനുള്ളില്‍ 5.4 സെ.മി താഴ്ന്നുപോയെന്ന ഐ.എസ്.ആര്‍.ഒയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് വിലക്ക്.

‘നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടാതെ, ഈ സാഹചര്യങ്ങളെ കുറിച്ചുള്ള ആ സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും അവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നു. ഇത് ദുരന്ത ബാധിതരില്‍ മാത്രമല്ല, രജ്യത്തെ ആകമാനം ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കും. ജനുവരി 12ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ജോഷിമഠിലെ സാഹചര്യം വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരും വരെ ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തരുത്’- ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി.

അതേസമയം, 12 ദിവസത്തിനുള്ളില്‍ 5.4 സെന്റി മീറ്ററാണ്, തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ്, അന്താരാഷ്ട്ര സ്‌കീയിങ് കേന്ദ്രമായ ഔലി എന്നിവിടങ്ങളിലേക്കുള്ള കവാടമായ ജോഷിമഠ് താഴോട്ടുപോയതെന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നത്. 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കാലയളവില്‍ 8.9 സെന്റീമീറ്ററാണ് താണതെങ്കില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി എട്ടുവരെയുള്ള 12 ദിവസത്തിനുള്ളില്‍ 5.4 സെന്റി മീറ്റര്‍ താണതായും ഐ.എസ്.ആര്‍.ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ പ്രാഥമിക പഠനറിപ്പോര്‍ട്ട് പറഞ്ഞിരുന്നു.