ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക് പങ്കുണ്ട്; കേസ് വ്യാജമായി ഉണ്ടാക്കിയതെന്ന് സിബിഐ

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇതുസംബന്ധിച്ച നിലപാട് സ്വീകരിച്ചത്. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് സിബിഐ വ്യക്തമാക്കി.

പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്ന് സിബിഐ ചൂണ്ടിക്കാട്ടി. മുൻ ഡിജിപി സിബി മാത്യൂസ്, ആർബി ശ്രീകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്താണ് സിബിഐ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. സിബി മാത്യൂസ് ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ എസ്വി രാജു കോടതിയിൽ വ്യക്തമാക്കിയത്.

അതേസമയം, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ ലഭിച്ചോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ ഇതിന് മറുപടി നൽകി. ചാരകേസ് ഗൂഢാലോചനയിൽ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെയാണെന്ന് സിബി മാത്യൂസ് കോടതിയിൽ പറഞ്ഞു.