16 വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിവാഹം; ഹൈക്കോടതി വിധി അടിസ്ഥാനമാക്കി ഉത്തരവ് വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് 16 വയസ് തികഞ്ഞ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളില്‍ ഉത്തരവ് ഇറക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് മുഹമ്മദീയന്‍ നിയമപ്രകാരം വിവാഹം കഴിക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, 18 തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. 18 വയസ് തികയാത്തവരെ പോക്സോ നിയമത്തില്‍ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 14 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാകുകയാണെന്ന് കമ്മീഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

എന്നാല്‍, ഹൈക്കോടതി വിധി സ്റ്റേ ചെയ്താല്‍ പെണ്‍കുട്ടി വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് പോകേണ്ടി വരും. അത് കുട്ടി ഇഷ്ടപെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മറ്റ് കേസുകളിലും സമാനമായ വിധി പുറപ്പെടുവിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മറ്റ് കേസുകളില്‍ ഈ വിധി അടിസ്ഥാനമാക്കി ഉത്തരവ് ഇറക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്.