യൂസഫലിയുമായി കൂടിക്കാഴ്ച്ച നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി; നിക്ഷേപം നടത്താൻ ക്ഷണം

ഇൻഡോർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമായി കൂടിക്കാഴ്ച്ച നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

മധ്യപ്രദേശിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് കൂടിക്കാഴ്ച്ചയിൽ ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ വി ആനന്ദ് റാം, സിഒഒ രജിത്ത് രാധാകൃഷ്ണൻ, സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. മധ്യപ്രദേശിൽ നിക്ഷേപം നടത്താൻ ശിവരാജ് സിങ് ചൗഹാൻ യൂസഫലിയെ ക്ഷണിക്കുകയും ചെയ്തു.

ഭക്ഷ്യ സംസ്‌കരണ, ലൊജിസ്റ്റിക്‌സ്, റീട്ടെയിൽ മേഖലകളിൽ നിക്ഷേപം നടത്താനാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. വിഷയത്തിൽ സർക്കാരിന്റെ എല്ലാ സഹകരണവുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ സർക്കാരുമായി നടത്തുമെന്ന് യൂസഫലി അറിയിച്ചു.