കൊച്ചി: കൊച്ചി മെട്രോ ഭിന്നശേഷിക്കാർക്കുള്ള സൗജന്യ യാത്ര പിൻവലിച്ചു. ഭിന്നശേഷിക്കാരുടെ ഒപ്പമുള്ള ആൾക്ക് പകുതി നിരക്കെന്ന ഇളവും കൊച്ചി മെട്രോ പിൻവലിച്ചു. കോവിഡ് ഇളവുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്.
കോവിഡ് കാലത്ത് മാത്രം നടപ്പാക്കിയ ഒരു ഇളവാണ് ഇതെന്നാണ് കെഎംആർഎൽ അറിയിച്ചത്. ഭിന്നശേഷിക്കാർക്കും അവരുടെ ഒപ്പമുള്ള ആളുകൾക്കും യാതൊരു ഇളവും രാജ്യത്തെ മറ്റ് മെട്രോകളിൽ നിലവിലില്ല. കൊച്ചി മെട്രോ മാത്രമാണ് ഇത്തരത്തിൽ ഇളവ് നൽകിയിരുന്നത്. കൊച്ചി മെട്രോയുടെ സാമ്പത്തിക ബാധ്യത കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
അതേസമയം, കൊച്ചി മെട്രോയിലെ ഭിന്നശേഷിക്കാരുടെ സീറ്റ് സംവരണം ഉൾപ്പെടെയുള്ള മറ്റ് സൗജന്യങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

