കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയുള്ള സർക്കാർ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്റെ ഭാഗമായാണ് 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. വിഷയത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷണ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം ഇത്തരത്തിൽ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. അതിനാൽ സംസ്ഥാന സർക്കാർ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.

