ഭൂമി ഇടിഞ്ഞു താഴുന്നു, വീടുകളിൽ വിള്ളലും; ജോശിമഠിൽ 600 വീടുകൾ ഒഴിപ്പിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോശിമഠിൽ 600 വീടുകൾ ഒഴിപ്പിച്ചു. വീടുകളിൽ വിള്ളലുകളുണ്ടാവുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്തതിനെ തുടർന്നാണ് നടപടി. 4000 ത്തോളം പേരെ പ്രദേശത്ത് നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മേഖലയിൽ കഴിഞ്ഞ ദിവസം ഉപഗ്രഹ സർവേ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി മേഖലയിലെ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്ടറുകൾ ഉൾപ്പെടെ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ജോശിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിർമാണപ്രവൃത്തികളും നിർത്തിവെക്കാനും അധികൃതർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ഹെലാങ്- മർവാരി ബൈപ്പാസിന്റെ പ്രവൃത്തിയും എൻ.ടി.പി.സിയുടെ ഹൈഡൽ പ്രൊജക്ടിന്റെ നിർമാണപ്രവൃത്തികളും നിർത്തിവെച്ചു.

ജോശിമഠിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നു. ദേശീയദുരന്ത നിവാരണ അതോറിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെ്ന്റ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, റൂർക്കി ഐ.ഐ.ടി, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി ആൻഡ് സെൻട്രൽ ബിൽഡിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്ന നിർദ്ദേശം.