കൊല്ലം കരുനാഗപ്പള്ളിയില്‍ വെച്ച് സിപിഐഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ ഷാനവാസിന്റെ പേരിലുള്ള ലോറിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. എന്നാല്‍, തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.
പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉല്‍പന്നങ്ങളാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനയുടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കേസില്‍ ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കര്‍ണാടകയില്‍ നിന്നുമാണ് പാന്‍മസാലകള്‍ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

