വിജ്ഞാനം ആർജിക്കാൻ അനുഭവം വേണം; അറിവു നേടാൻ പഠിച്ചേ തീരൂവെന്ന് അദാനി

ന്യൂഡൽഹി: തന്റെ ജീവിതത്തിലെ ദു:ഖം വെളിപ്പെടുത്തി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതിരുന്നതിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. പതിനാറാം വയസ്സിൽ പഠനം അവസാനിപ്പിച്ച് അദ്ദേഹത്തിന് മുംബൈയ്ക്ക് പോകേണ്ടി വന്നതിനെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗുജറാത്തിലെ പലാൻപുറിലെ വിദ്യാമന്ദിർ ട്രസ്റ്റിന്റെ 75-ാം വാർഷികാഘോഷത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു അദാനി. തന്റെ ജീവിതയാത്രയുടെ കഥ പറയുന്നതിനിടെയാണ് കോളജ് പഠനം പൂർത്തിയാക്കാനാവാതെ പോയതിൽ അദ്ദേഹം ഖേദ പ്രകടനം നടത്തിയത്. ഗുജറാത്തിലെ ബനാസ്‌കാന്തയിലെ വരണ്ട ജീവിതം ജീവിതപ്പോരാട്ടത്തിൽ തന്നെ സഹായിച്ചതും മുംബൈയിൽ വജ്രവ്യാപാരത്തിന് ഇടനിലക്കാരനായിരിക്കേ കമ്മിഷനായി ആദ്യം ലഭിച്ച പതിനായിരം രൂപ കൊണ്ടു സ്ഥാപനം തുടങ്ങിയതിനെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു.

കോളജ് വിദ്യാഭ്യാസം നേടിയിരുന്നുവെങ്കിൽ അതു കൂടുതൽ ഗുണകരമായേനെയെന്നും വിജ്ഞാനം ആർജിക്കാൻ അനുഭവം വേണം. അറിവു നേടാൻ പഠിച്ചേ തീരൂവെന്നും അദാനി കൂട്ടിച്ചേർത്തു.