തിരുവനന്തപുരത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത കർശനമാക്കുമെന്ന് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചിറയിൻകീഴിലെ ആഴൂരിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. കോട്ടയത്തും ആലപ്പുഴയിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പക്ഷിപ്പനി സ്ഥിരീകരിച്ചത്.

അതേസമയം, പക്ഷിപ്പനിയെത്തുടർന്ന് തകഴിയിൽ നാലു താറാവ് കർഷകരുടെ മാത്രമായി 12,500 താറാവുകളെ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് തകഴി കുന്നുമ്മ കരിയാർ മുടിയിലക്കരി പാടശേഖരത്തിന്റെ തെക്കേ പുറംബണ്ടിൽ താറാവുകളെ കൊന്നൊടുക്കിയത്. കർശന സുരക്ഷാമാനദണ്ഡങ്ങളോടെയായിരുന്നു കള്ളിംഗ് നടപടികൾ.

രോഗബാധ സ്ഥിരീകരിച്ച മേഖലകളിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം(വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു. പക്ഷിപനി സ്ഥിരീകരിച്ച തകഴി പഞ്ചായത്ത് പത്താം വാർഡിലെ പ്രദേശത്തെ കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.