തിരുവനന്തപുരം: ബഫർസോൺ പരാതികളിൽ സ്ഥലപരിശോധന നീട്ടി. ബഫർ സോൺ വിഷയത്തിൽ ലഭിച്ച പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. 63500 പരാതികളാണ് സ്ഥലപരിശോധന സമയപരിധി തീർന്നപ്പോൾ ആകെ ലഭിച്ചത്. ഇതിൽ 24528 പരാതികൾ തീർപ്പാക്കിയെന്ന് വനംവകുപ്പ് വിശദമാക്കി. കിട്ടിയതിൽ പകുതിയോളം പരാതികളിൽ തീർപ്പാക്കാൻ കഴിയാതെയാണ് സമയപരിധി അവസാനിച്ചത്. ലഭിച്ച പരാതികളിൽ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികൾ ഗൗരവകരമല്ലെന്നും വനംവകുപ്പിന്റെ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാഴ്ച കൂടി നടത്തുന്ന പരിശോധനയ്ക്ക് ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. പുതിയ പരാതികളിലെ പരിശോധന കൂടി തീരുമ്പോൾ ബഫർസോൺ മേഖലയിൽ ആകെ ഒരു ലക്ഷത്തിനടുത്ത് കെട്ടിടങ്ങൾ ബഫർസോൺ മേഖലയിൽ ഉണ്ടാകും. അതേസമയം, ബഫർസോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. സമയ പരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടിനൽകുന്നതിൽ അപാകതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെിരുന്നു. എന്നാൽ, സർക്കാർ ഈ ആവശ്യം പരിഗണിച്ചില്ല.

