തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രം. കൊലപാതകത്തിന് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ക്കും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
ജാതകദോഷം മൂലം തന്നെ വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മയുടെ വാദം നുണക്കഥയെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഷാരോണിന്റെയും ഗ്രീഷ്മയുടെയും രണ്ടുവര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ഓഡിയോ ഫയലുകളും ചിത്രങ്ങളും ഉള്‍പ്പെടെ ആയിരത്തലധികം ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന് 73 ദിവസം പിന്നിടുമ്പോഴാണ് കേരളം കേസില്‍ കുറ്റപത്രം തയ്യാറാകുന്നത്.
അതേസമയം, ഡിവൈഎസ്പി എ.ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോണ്‍ രാജ് ഒക്ടോബര്‍ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആദ്യം മുതലെ ആരോപിച്ചിരുന്നു.

