സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനങ്ങൾ പിഇഎസ്ബിയ്ക്ക് വിടും; വ്യവസായ മന്ത്രി

കൊല്ലം: സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനങ്ങൾ പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇനി ബോർഡ് ഭരണസമിതി രൂപീകരിച്ചാൽ മതിയെന്നും ബോർഡ് ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പൊതുമേഖല സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് സർക്കാർ കുറേ പണം തരുന്നു, അത് ചെലവാക്കുന്നുവെന്ന രീതിയിൽ അല്ല. ഈ രീതിയിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ പ്രൊഫഷണലായി പ്രവർത്തിച്ച് ലാഭകരമായി മുന്നോട്ട് പോകണം. വാർഷിക ഓഡിറ്റ് നടപടികൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. പണിമുടക്ക് തൊഴിലാളി വർഗത്തിന്റെ അവസാന സമര മാർഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ചില തെറ്റായ പ്രവണതകൾ കെഎംഎംഎൽ തൊഴിലാളികൾക്ക് ഇടയിലുണ്ട്. തീരെ ഗതികെട്ടാൽ സമരം ചെയ്‌തോളൂ, എഐടിയുസി സമരം ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് പറ്റിയില്ലല്ലോ എന്ന് ഐഎൻടിയുസി കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13 കോടിയോളം രൂപയുടെ പുതിയ പദ്ധതികൾക്കാണ് കെ എം എം എല്ലിൽ തുടക്കമിടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന ലാഭവും വിറ്റുവരവും നേടി മുന്നേറുന്ന കെ എം എം എല്ലിൽ ടൈറ്റാനിയം ഡയോക്‌സൈ പ്ലാന്റ് ടെക്നിക്കൽ സർവീസ് ബിൽഡിംഗ്, മിനറൽ സെപ്പറേഷൻ യൂണിറ്റിലേക്കുള്ള നടപ്പാലം, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബ് ബിൽഡിംഗ്, കെ.എം.എം.എൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവും ഖനനമേഖലകളിൽ ഹരിത പുനരുജ്ജീവനം ലക്ഷ്യമാക്കി ആയിരം തെങ്ങുകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുമാണ് നടന്നത്.