ന്യൂഡൽഹി: ഡൽഹി കഞ്ചവാലയിൽ അപകടത്തിൽപെട്ട് റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ അദ്ദേഹം റിപ്പോർട്ട് തേടി. കേസ് അന്വേഷണം ഡൽഹിയിലെ മുതിർന്ന പൊലീസ് ഓഫീസർ ശാലിനി സിംഗിന് കൈമാറുകയും ചെയ്തു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദ്ദേശം.
പുതുവത്സര ദിനത്തിലാണ് ഡൽഹി അമൻ വിഹാർ സ്വദേശിനി അഞ്ജലി വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഡൽഹി സുൽത്താൻപുരിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അമിതവേഗത്തിലെത്തിയ കാർ അഞ്ജലിയെ ഇടിച്ചത്. പിന്നീട് അഞ്ജലിയെ വലിച്ചിഴച്ച് കാർ 12 കീലോമീറ്ററോളം മുന്നോട്ടു പോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ കാഞ്ചൻവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ ബിജെപി നേതാവാണെന്നാണ് ഉയരുന്ന ആരോപണം. യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, ഈ ആരോപണം പോലീസ് നിഷേധിച്ചു. യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ.

