കൊല്ലം: ചടയമംഗലം ജടായു പാറയിലെ വിനോദ സഞ്ചാരം തടസപ്പെടുത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. വിനോദ സഞ്ചാര പദ്ധതിയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണൽ (NCLAT) ഉത്തരവിന് എതിരെ രാജീവ് അഞ്ചൽ ഉൾപ്പടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ ദൈനംദിന ചെലവുകൾക്ക് ആവശ്യമായ തുക വിനിയോഗിക്കുന്നതിന് അനുമതി തേടി നാഷണൽ കമ്പനി ലോ ട്രിബ്യുണലിനെ സമീപിക്കാൻ സുപ്രീം കോടതി ഹർജിക്കാർക്ക് നിർദ്ദേശം നൽകി. അപേക്ഷ ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ എൻസിഎൽടി തീരുമാനം എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജടായു പാറ ടൂറിസം പദ്ധതിയിൽ നിന്ന് വരുമാനമായി ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും, ഈ തുക പദ്ധതിയുടെ ഒരു ആവശ്യങ്ങൾക്കും വിനിയോഗിക്കരുതെന്നും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണൽ വിധിച്ചിരുന്നു. അപ്പലേറ്റ് ട്രിബ്യുണൽ വിധിക്ക് എതിരെ നൽകിയ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.
വരുമാനമായി ലഭിക്കുന്ന പണം ആവശ്യങ്ങൾക്ക് വിനിയോഗിക്കരുത് എന്ന NCLATയുടെ ഉത്തരവ് നടപ്പാക്കിയാൽ പദ്ധതി നിർത്തി വെയ്‌ക്കേണ്ടി വരും. ഒട്ടേറെ പണം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജീവനക്കാരുടെ ശമ്പളത്തിനും, വൈദ്യുതി ചെലവുകൾക്കും ഉൾപ്പടെ പണം ആവശ്യമാണ്. രാജീവ് അഞ്ചലിന് വേണ്ടി അഭിഭാഷകൻ ജോജി സ്‌കറിയ, ഓഹരി ഉടമയായ മോഹനൻ പിള്ളയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

