ഇന്ന് പലരും കണ്ണടകൾ ഉപയോഗിക്കാറുണ്ട്. പണ്ട് കണ്ണിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് കണ്ണടകൾ ധരിച്ചിരുന്നതെങ്കിൽ ഇന്ന് അതൊരു ഫാഷൻ കൂടിയായി മാറിയിരിക്കുകയാണ്. കണ്ണടകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. കണ്ണിനെ ആകർഷിക്കുന്ന കണ്ണടകൾ തിരഞ്ഞെടുക്കാതെ കണ്ണുകൾക്ക് അനുയോജ്യമായ കണ്ണടകൾ വേണം തെരഞ്ഞെടുക്കേണ്ടത്.
അനുയോജ്യമല്ലാത്ത കണ്ണടകൾ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്ട്രസ്, തലവേദന തുടങ്ങിയ പ്രശ്നങ്ങളാകും ശരിയായ കണ്ണടകൾ ഉപയോഗിക്കാതിരുന്നാലുള്ള ഫലം. ഇതിന് പുറമേ കാഴ്ചയ്ക്കും പ്രശ്നമുണ്ടായേക്കാം. അതിനാൽ കണ്ണട തിരഞ്ഞെടുക്കുമ്പോൾ ഭാരം, രൂപം, പൊസിഷൻ എന്നിവ ശ്രദ്ധിക്കണം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ചർമ്മത്തിന് എന്ന പോലെ കണ്ണുകൾക്കും ദോഷമാണ്. അതിനാൽ ഇത്തരം രശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന കണ്ണടകൾ വേണം ഉപയോഗിക്കാൻ.
കണ്ണുകളുടെ പ്രശ്നങ്ങളെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കണ്ണട വാങ്ങും എങ്കിലും പലരും ഇത് കൃത്യമായി ധരിക്കാറില്ല. കണ്ണടവച്ചാൽ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങൾ കൊണ്ടാണ് ഇത്. എന്നാൽ കണ്ണട കൃത്യമായി ധരിക്കണം. ഇതിലൂടെ മാത്രമേ കണ്ണിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

