ന്യൂഡല്‍ഹി: രാജ്യത്തെ നോട്ടുനിരോധനത്തിനെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ള ഹര്‍ജികളില്‍ നാളെ വിധി പറയാന്‍ ഒരുങ്ങുകയാണ് സുപ്രീം കോടതി. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് നോട്ടുകള്‍ അസാധുവാക്കുന്ന കടുത്ത നടപടി എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, കൈയ്യിലുള്ള പണത്തിന് വിലയില്ലാതായതോടെ ജനങ്ങള്‍ പ്രതിസന്ധിയിലായി. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് പറഞ്ഞെങ്കിലും എടിഎമ്മിനു മുന്നില്‍ രൂപപ്പെട്ട ക്യൂ പോലെ പ്രശ്‌നങ്ങളും നീണ്ടു. ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ ഹര്‍ജികളുമായി പലരും കോടതിയിലെത്തി.
ഹര്‍ജികളില്‍ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍, ബിവി നാഗരത്‌ന എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് 2022 ഒക്ടോബറിലാണ് ഹിയറിങ് തുടങ്ങിയത്. ഡിസംബര്‍ ഏഴിന് കേസ് വിധി പറയാനായി മാറ്റിയിരുന്നു. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ചാണോ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് എന്ന് കോടതി പരിശോധിക്കും. എ്‌നനാല്‍, നോട്ടുനിരോധനം വലിയ വിജയമായിരുന്നു എന്ന് ഇതുവരെ പ്രഖ്യാപിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതു വലിയൊരു ആയുധമായി മാറി. കേസില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും ഭാവിയെ മുന്നില്‍ക്കണ്ട് സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ പി ചിദംബരം ആവശ്യപ്പെട്ടു. കള്ളനോട്ടുകള്‍ ഇല്ലാതാക്കുക, കണക്കില്ലാത്ത സമ്പാദ്യം നശിപ്പിക്കുക, മയക്കുമരുന്ന് കടത്തിനും തീവ്രവാദത്തിനും പണം ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുക തുടങ്ങിയവയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ വ്യാജനോട്ടുകള്‍ ഇപ്പോഴും പിടികൂടുന്നുണ്ടെന്നും നിരോധിച്ച നോട്ടിനു പകരമായി 2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത് കള്ളപ്പണക്കാര്‍ക്ക് സഹായകമായെന്നും പി ചിദംബരം വ്യക്തമാക്കി. നോട്ട് അസാധുവാക്കാനായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ന്യായങ്ങള്‍ പലതും തെറ്റായിരുന്നുവെന്നും സര്‍ക്കാര്‍ ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
അതേസമയം, ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 26 (2) പ്രകാരം നോട്ട് നിരോധിക്കാനുള്ള അവകാശമുണ്ടെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍, ഇത് ഒരു പ്രത്യേക സീരീസില്‍പ്പെട്ട നോട്ടുകള്‍ നിരോധിക്കാന്‍ മാത്രമുള്ള അധികാരമാണെന്നും 1946ലും 1978ലും സര്‍ക്കാരുകള്‍ ഇത്തരത്തില്‍ ചെറിയൊരു ശതമാനം നോട്ടുകള്‍ മാത്രം പിന്‍വലിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത് രണ്ടര മണിക്കൂര്‍ മാത്രമായിരുന്നുവെന്നും മതിയാവോളം സമയം ആര്‍ബിഐയ്ക്ക് ലഭിച്ചില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിശ്ചയിക്കപ്പെട്ട സമയപരിധിയ്ക്കുള്ളില്‍ നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

