പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്ത് നടന്ന വാഹനാപകടങ്ങളില്‍ 9 പേര്‍ മരിച്ചു

തിരുവനന്തപുരം/ആലപ്പുഴ/ഇടുക്കി/കോഴിക്കോട്/പത്തനംതിട്ട: പുതുവര്‍ഷത്തിലെ ആദ്യദിനമായ ഇന്ന് സംസ്ഥാനത്ത് നടന്ന വാഹനാപകടങ്ങളില്‍ 9 മരണം. ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കളും ഇടുക്കി അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയും മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. തലവടിയില്‍ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ പത്തനംതിട്ടയില്‍ തിരുവല്ലയിലും ഏനാത്തും ഉണ്ടായ രണ്ട് വാഹനാപടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനില്‍ നടന്ന അപകടത്തില്‍ കുന്നന്താനം സ്വദേശി അരുണ്‍കുമാറും ചിങ്ങവനം സ്വദേശി ശ്യാമുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. ഏനാത്ത് വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിച്ചുകയറി ഇളംഗമംഗലം സ്വദേശി തുളസീധരന്‍പിള്ള മരിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് കയറിയിറങ്ങി നെല്ല്യാടി സ്വദേശി വിയ്യൂര്‍ വളപ്പില്‍താഴെ ശ്യാമള മരിച്ചു. കക്കോടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കക്കോടി സ്വദേശിയുമായ ബിജു മരിച്ചു. കിളിമാനൂര്‍, പുളി മാത്ത് ബൈക്ക് അപകടത്തില്‍ സൈനികനായ യുവാവ് മരിച്ചു. കാരേറ്റ് സ്വദേശി ഇരുപത്തിയഞ്ചുകാരനായ ആരോമലാ(25) ണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ പുളി മാത്ത് ക്ഷേത്രം റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തപ്പെട്ടത്. ശബരിമല പാതയില്‍ ളാഹയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. പരിക്കേറ്റവരെ പെരുനാട് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.