ശബരിമല വിമാനത്താവളം; മണിമലയിലും എരുമേലി സൗത്തിലുമായി 2750 ഏക്കർ ഭൂമി ഏറ്റെടുക്കും

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി മണിമലയിലും എരുമേലി സൗത്തിലുമായി 2750 ഏക്കർ ഭൂമി ഏറ്റെടുക്കും. പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കോടതികളിൽ വിമാനത്താവളവും വസ്തു ഏറ്റെടുക്കലും സംബന്ധിച്ച് നിരവധി കേസുകൾ നിലവിലുണ്ട്.

ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിൽ ആണ് ചെറുവള്ളി തോട്ടം. ഇത് സംബന്ധിച്ച് കേസ് ഉള്ളതിനാൽ വില കോടതിയിൽ കെട്ടിവച്ച ശേഷമാകും ഭൂമി ഏറ്റെടുക്കുക. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ പുതിയ വിമാനത്താവളം ആരംഭിക്കുന്നതോടെ കഴിയും. രണ്ട് കോടി രൂപയാണ് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. കേന്ദ്ര പാർലമെന്ററി സമിതിയുടെയും വ്യോമസേനയുടെയും അനുമതി പദ്ധതിയ്ക്ക് ലഭിക്കേണ്ടതുണ്ട്.

വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ് അമേരിക്കയിലെ കൺസ്ട്രക്ഷൻ എഞ്ചിനീയറിങ് കമ്പനിയായ ലൂയിസ് ബർജറാണ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയിട്ടുള്ളത്. പദ്ധതിയുടെ സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെ കമ്പനിക്ക് സമയം നൽകിയിട്ടുണ്ട്.