തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പോലീസ് നടത്തിയത്. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി സ്ഥാനം നഷ്ടമായിട്ടും ഭരണഘടനാവിരുദ്ധ പരാമർശവും അംബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപികൾക്ക് എതിരായ അധിക്ഷേപവും സജി ചെറിയാൻ ഇതുവരെ പിൻവലിച്ചിട്ടില്ല. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ആർഎസ്എസ് നേതാവ് ഗോൾവാൾക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സിൽ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്. ആർഎസ്എസ് ആശയങ്ങളുമായി ചേർന്ന് നിന്ന് ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്ന സിപിഎം എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

