നിയമനക്കത്ത് വിവാദം; അഞ്ച് ഹാർഡ് ഡിസ്‌കുകൾ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ കൂടുതൽ നടപടികളുമായി ക്രൈംബ്രാഞ്ച്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് ഹാർഡ് ഡിസ്‌കുകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മേയർ ആര്യ രാജേന്ദ്രന്റെ ഓഫീസിലേത് ഉൾപ്പെടെയുള്ള ഹാർഡ് ഡിസ്‌കുകളാണ് പിടിച്ചെടുത്തതെന്ന് അന്വേഷണ സംഘം അറിയിച്ചു. പിടിച്ചെടുത്ത ഹാർഡ് സിസ്‌ക്കുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇതിലൂടെ നിയമനക്കത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. അതേസമയം, സിപിഎം നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഡി ആർ അനിലിന്റെ മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് മേയറുടെയും ഡി ആർ അനിലിന്റെയും മൊഴികൾ നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഡി ആർ അനിലിനെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കത്തിന്റെ ഉറവിടം തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്.