ഗുലാം നബി ആസാദ് കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നു? നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ഗുലാംനബി ആസാദ് ചർച്ചകൾ നടത്തിവരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാലു മാസങ്ങൾക്ക് മുൻപ് ഓഗസ്റ്റ് 26-നാണ് ഗുലാം നബി കോൺഗ്രസിൽ നിന്നും രാജി വെച്ചത്.

പിന്നീട് ഒക്ടോബറിൽ ജമ്മുകശ്മീർ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പുതിയ പാർട്ടിയും അദ്ദേഹം രൂപീകരിച്ചിരുന്നു. അതേസമയം, ബിജെപിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് ഗുലാം നബി ആസാദ് അടുത്തിടെ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുർബലമായ സംഘടനാസംവിധാനത്തോടാണ് തനിക്ക് എതിർപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്രയുടെ കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു.

ജി-23യിലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദർ സിങ് ഹൂഡ എന്നിവരുമായി ഗുലാംനബി സംസാരിക്കുകയും തിരിച്ചുവരവിനുള്ള വഴികൾ ആലോചിക്കുകയും ചെയ്തുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.