തിരുവനന്തപുരം: ശിവഗിരിയുടെ സമഗ്രവികസനത്തിന് കേന്ദ്രസര്‍ക്കാറും സാംസ്കാരിക വകുപ്പും പ്രതിജ്ഞാ ബദ്ധമാണെന്നും 70 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. 90-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെപ്പോലെ എല്ലാ ജീവജാലങ്ങളെയും ഒരുപോലെ കാണേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം. എല്ലാമനുഷ്യരും ഒന്നാണെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മഹത്തരമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പതാക ഉയര്‍ത്തിയതോടെയാണ് തീര്‍ത്ഥാടന കാലത്തിന് തുടക്കമായത്. സച്ചിദാനന്ദ സ്വാമികള്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, എം.എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രന്, വി. ജോയി തുടങ്ങിയവരും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ നിര്യാണത്തില്‍ സമ്മേളനം ആദാരജ്ഞലികള്‍ അര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങളിലെ വിവിധ സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുമെന്നും ശിവഗിരി മഠം അധികൃതര്‍ അറിയിച്ചു.

