കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഡോക്ടറും ജീവനക്കാരിയും ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്.
കടിയേറ്റവരിൽ ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു. എന്നാൽ, ഇതിനെതിരെ കാര്യമായ നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, തിരുവനന്തപുരത്ത് തെരുവുനായയെ യുവാവ് വീട്ട് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. കൊടങ്ങാവിള സ്വദേശി നിഷിൻ രാജിന്റെ വീട്ടിലേക്കാണ് യുവാവ് നായയെ വലിച്ചെറിഞ്ഞത്. വഴിയാത്രക്കാരായ യുവാക്കളിൽ ഒരാൾ തെരുവ് നായയെ സ്‌നേഹപൂർവ്വം വിളിച്ച് വരുത്തി വീട്ട് വളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.

