യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് പരിശോധനയില്ല

ദുബായ്: ഇന്ത്യയിലേക്ക് വരുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് റാന്‍ഡം കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നും കുട്ടികളില്‍ കോവിഡ് ലക്ഷണം കണ്ടാല്‍ മാത്രം പരിശോധനയും ചികിത്സയും മതിയെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കി.

12 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും പൂര്‍ണമായും വാക്‌സിന്‍ എടുക്കണം. മാസ്‌ക്കും സാമൂഹിക അകലവും പാലിക്കണം. ഇന്ത്യയില്‍ എത്തുന്നവര്‍ സ്വയം നിരീക്ഷിക്കുകയും രോഗലക്ഷണം കണ്ടാല്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും വേണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഹെല്‍പ് ലൈനായ 1075ല്‍ വിളിച്ച് സംശയങ്ങള്‍ക്കു മറുപടി തേടുകയും ചെയ്യാം.

അതേസമയം, രാജ്യാന്തര യാത്രക്കാരില്‍ 2 ശതമാനത്തെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്നും സാംപിള്‍ ശേഖരിച്ച ശേഷം യാത്രക്കാര്‍ക്ക് യാത്ര തുടരാമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. പോസിറ്റീവ് ആകുന്നവര്‍ക്കു സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയും അവരുടെ സാംപിളുകള്‍ ജനിത ശ്രേണീകരണത്തിന് അയയ്ക്കുകയും ചെയ്യും.