ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി പലതവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സി.ആര്‍.പി.എഫ്. ഡിസംബര്‍ 24-ന് നടന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതിന് പിന്നാലെയാണ് സി.ആര്‍.പി.എഫിന്റെ പ്രതികരണം.
‘സംസ്ഥാന പോലീസുമായും മറ്റ് ഏജന്‍സികളുമായും ചേര്‍ന്നാണ് രാഹുലിന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഡിസംബര്‍ 24-ന്റെ പരിപാടിക്ക് മുന്നോടിയായി രണ്ടുദിവസം മുന്‍പേ സുരക്ഷാ ഏജന്‍സികള്‍ യോഗം ചേര്‍ന്നിരുന്നു. ഭാരത് ജോഡോ യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചിരുന്നതായും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. 2020-ന് ശേഷം 113 തവണ രാഹുല്‍ ഗാന്ധി സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ട്’- സി.ആര്‍.പി.എഫ് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര ശനിയാഴ്ച ഡല്‍ഹിയില്‍ പ്രവേശിച്ചതു മുതല്‍ സുരക്ഷയില്‍ നിരവധി തവണ വീഴ്ചകളുണ്ടായതായതായും തിരക്കു നിയന്ത്രിക്കുന്നതിലും Z+ സെക്യൂരിറ്റി ഏര്‍പ്പെടുത്തിയിയിട്ടുള്ള രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സംരക്ഷണമേര്‍പ്പെടുത്തുന്നതിലും ഡല്‍ഹി പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നുമാണ് വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാണിച്ചത്.

