തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന തിരുവനന്തപുരം കോർപറേഷന്റെ ആവശ്യം നിരസിച്ച് തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന് മുന്നിലുള്ള കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോർപറേഷൻ സെക്രട്ടറിയാണ് രംഗത്തെത്തിയത്. ഈ ആവശ്യമാണ് ഓംബുഡ്സ്മാൻ തള്ളിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടാണ് ഹർജി സമർപ്പിച്ചത്. ഹൈക്കോടതി തള്ളിയ ഹർജിയിൽ നിന്ന് വ്യത്യസ്തമാണ് സുധീർഷാ നൽകിയ ഹർജിയെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. അതേസമയം, കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പ്രതി ചേർക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം ഓംബുഡ്‌സ്മാൻ പരിശോധിക്കും. ഫെബ്രുവരി 22ന് ഹർജി വീണ്ടും പരിഗണിക്കും.

