കേരളത്തിലേത് ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തും; സീതാറാം യെച്ചൂരി

ന്യൂഡൽഹി: കേരളത്തിലേത് ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെ കുറിച്ച് പോളിറ്റ് ബ്യൂറോയിൽ ചർച്ച നടക്കുമെന്ന സൂചനയാണ് സീതാറാം യെച്ചൂരി നൽകുന്നത്.

പി ജയരാജൻ ആരോപണം ഉന്നയിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് നേരത്തെ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടിയിരുന്നു. അതേസമയം, പിബി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. കേന്ദ്ര നേതാക്കളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്ത് വിഷയത്തിൽ തീരുമാനം എടുക്കുക. അന്വേഷണമുണ്ടായാൽ അതിന്റെ റിപ്പോർട്ട് കേന്ദ്ര നേതാക്കളും ചർച്ച ചെയ്യുമെന്നാണ് വിവരം.

പിബിക്ക് മുന്നോടിയായി എ കെ ജി ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും കണ്ടിരുന്നു. വിഷയത്തിലെ തുടർനീക്കങ്ങളിൽ പിണറായിയുടെ നിലപാടും നിർണ്ണായകമാകുമെന്നാണ് വിവരം.