ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചുവാങ്ങിയത്. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് ആണ് കേരളത്തിനായി വിജയഗോള്‍ സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്.
മത്സരത്തിലെ ആദ്യ പകുതി ഇരുടീമുകളും ഗോളുകളൊന്നും നേടാനാവാതെ അവസാനിച്ചിരുന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ വിറപ്പിക്കുന്ന മുന്നേറ്റമാണ് കളിയുടെ തുടക്കം മുതല്‍ ഒഡീഷ നടത്തിയത്. കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളില്‍ നിരന്തരം ഭീഷണി സൃഷ്ടിച്ച് ഒഡീഷ നിറഞ്ഞു കളിച്ചു. ഇതിനിടെ ബ്ലാസ്റ്റേഴ്സിലെ നാല് താരങ്ങള്‍ക്ക് യെല്ലോ കാര്‍ഡുകളും ലഭിച്ചു.
മത്സരത്തിലെ മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ബോക്സിന് മുന്നില്‍ ഒഡീഷ ആക്രമണം തുടങ്ങിവെച്ചു ഫെര്‍ണാണ്ടസിന്റെ മികച്ച ഷോട്ട് ഗോളാകാതെ രക്ഷപ്പെടുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ കൃത്യമായി പാസ് നല്‍കാനോ മുന്നേറ്റം നടത്തുന്നതിലും ബ്ലാസ്റ്റേഴ്സ പരാജയപ്പെട്ടു. പത്താം മിനിറ്റില്‍ കലിയുഷ്നിയിലൂടെ ഒരു മൂന്നേറ്റത്തിന് ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. 30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ലിനും ഒഡിഷയുടെ നന്ദകുമാര്‍ ശേഖറിനും റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. 35-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിങ്ങിനും മഞ്ഞക്കാര്‍ഡ് കിട്ടി. 71-ാം മിനിറ്റില്‍ കിട്ടിയ അവസരം മുതലാക്കാന്‍ നിഹാല്‍ സുരേഷിനായില്ല. 79-ാം മിനിറ്റില്‍ ഒഡീഷ ഗോള്‍കീപ്പര്‍ വരുത്തിയ അബദ്ധം മുതലാക്കാന്‍ സഹലിനും കഴിഞ്ഞില്ല. എന്നാല്‍ ഇതിനെല്ലാം പകരമായി 86-ാം മിനിറ്റില്‍ സന്ദീപ് സിങ് അവതരിച്ചു. മിറാന്‍ഡയുടെ ക്രോസ് തടയുന്നതില്‍ അമരീന്ദറിന് പിഴച്ചു. പന്ത് നേരെയെത്തിയത് സന്ദീപിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് കുത്തിയിട്ട് മഞ്ഞപ്പടയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചു

