ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണ് 2022; ഭാരതത്തിന്റെ വികസനം ധ്രുതഗതിയിൽ സംഭവിച്ച വർഷമായിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണ് 2022 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022-ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം 75-ാം സ്വാതന്ത്ര്യം ആഘോഷിച്ച വർഷവും അമൃത കാലത്തിന്റെ ആരംഭവുമായിരുന്നു ഈ വർഷം. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷമായിരുന്നു. ഭാരതത്തിന്റെ വികസനം ധ്രുതഗതിയിൽ സംഭവിച്ച വർഷമായിരുന്നു ഇത്. വികസന പ്രവർത്തനങ്ങൾ വഴി ഭാരതത്തിന് ലോകത്തോത്തര നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറാൻ രാജ്യത്തിനായി. കോവിഡ് വാക്സിൻ ഉത്പാദന രംഗത്ത് അഭൂതപൂർവ്വമായ മുന്നേറ്റം കാഴ്ച വെയ്ക്കാനും ഇന്ത്യയ്ക്കായി. 220 കോടിയിലധികം വാക്സിനാണ് ഉത്പാദിപ്പിച്ചതെന്നും കയറ്റുമതിയിൽ 400 ബില്യൺ കടന്നുവെന്നും അദ്ദേഹം അറിയിച്ചു.

നിരവധി രാജ്യങ്ങളിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും മുൻകരുതലെടുക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി കാണുന്നു. ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം. രാജ്യാന്തര വിമാന സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയോ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടതോ ആയ സാഹചര്യം നിലവിൽ ഇന്ത്യയിലില്ലെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും, ചില രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാഗ്രതയും തുടരണം’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.